Mammootty Meet Fan Ammalu Amma Viral News : സെലിബ്രെറ്റികളെയും, സിനിമാ താരങ്ങളെയും ഒരു നോക്കു കാണുക എന്നത് ഓരോ ആരാധകർക്കുമുള്ള വലിയ ആഗ്രഹങ്ങളിൽ ഒന്നാണ്. അങ്ങനെ ഒരിക്കൽ തനിക്ക് മമ്മൂക്കയെ ഒരു നോക്കു കാണണമെന്ന ആഗ്രഹം അമ്മാളു അമ്മ സ്വകാര്യ ചാനലിൽ ഒരിക്കൽ പറഞ്ഞിരുന്നു. ഇത് പിന്നീട് വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ലോക വനിതാ ദിനത്തിൽ അമ്മാളു അമ്മയുടെ ആ ആഗ്രഹമാണ് സഫലമായി തീർന്നിരിക്കുന്നത്. പിഷാരടി സമൂഹമാധ്യമങ്ങളിൽ അമ്മാളു അമ്മയുടെ ആഗ്രഹം നടന്നിരിക്കുന്നതിൻ്റെ വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്.
മമ്മൂക്കയുടെ പുതിയ ചിത്രമായ ടർബോയുടെ ഷൂട്ടിംങ്ങിനിടയിലാണ് അമ്മാളു അമ്മയെ കൂട്ടി സീമ ജി നായർ എത്തിയത്. കാറിൽ നിന്ന് ഇറങ്ങി വന്ന അമ്മാളു അമ്മയെ സ്വീകരിക്കാൻ സീമ ജി നായരും, പിഷാരടിയും ഉണ്ടായിരുന്നു. മമ്മൂട്ടിയുടെ അടുത്തെത്തിയപ്പോൾ, മമ്മൂക്ക നെഞ്ചോട് ചേർത്ത് പിടിക്കുകയാണുണ്ടായത്. കയ്യിൽ കരുതിയ പ്ലാസ്റ്റിക് കവറിൽ നിന്നും സൂക്ഷിച്ചു വച്ചിരുന്ന മമ്മൂക്കയുടെ പോസ്റ്ററും കാണിക്കുന്നുണ്ട്.
കുറച്ച് സംസാരിച്ച ശേഷം സമ്മാനവും നൽകിയാണ് മമ്മൂക്ക അമ്മാളുഅമ്മയെ മടക്കി അയച്ചത്. ഈ വീഡിയോയാണ് പിഷാരടി പങ്കുവച്ചിരിക്കുന്നത്. ഇതിന് താഴെ താരം ഇങ്ങനെ കുറിച്ചു. ‘പറവൂറിലുള്ള അമ്മാളു അമ്മയുടെ ആഗ്രഹം സമൂഹ മാധ്യമങ്ങളിലൂടെയും, ചില സുഹൃത്തുക്കൾ മുഖേനയും അറിഞ്ഞിരുന്നു. നമ്മുടെ മമ്മൂക്കയെ നേരിൽ ഒന്ന് കാണണം. സീമ ജി നായർ (സീമചേച്ചി) ആണ് നിർബന്ധപൂർവ്വം അറിയിച്ചത്.
സമൂഹത്തിൽ തന്നെ കൊണ്ട് കഴിയുന്നത്ര നന്മകൾ ചെയ്യുന്ന ആളാണ് സീമചേച്ചി. അമ്മാളു അമ്മയുടെ ആഗ്രഹം അത്രമേൽ ആത്മാർത്ഥവും ഗഹനവുമായതിനാൽ അത് സംഭവിച്ചു. കയ്യിൽ ഒരു കവറിൽ മമ്മുക്കയുടെ ചിത്രവുമായി വർഷങ്ങളോളം നടന്നത് വെറുതെയായില്ല’. പിഷാരടി പങ്കുവെച്ച ഈ പോസ്റ്റാണ് വൈറലായി മാറുന്നത്. പിഷാരടിയുടെ ഈ പോസ്റ്റ് സീമ ജി നായറും ഷെയർ ചെയ്യുകയുണ്ടായി.