Manoj K Jayan Father K G Jayan Passes Away : മലയാളത്തിലെ പ്രശസ്തനായ സംഗീതജ്ഞനും നടൻ മനോജ് കെ ജയന്റെ പിതാവും ആയ കെ ജി ജയൻ വിടവാങ്ങി. 90 വയസ്സായിരിന്നു പ്രായം. തൃപ്പൂണിത്തറയിലെ ഭവനത്തിൽ വെച്ചായിരുന്നു അന്ത്യം. 60 വർഷങ്ങളോളം നീണ്ട സംഗീത ജീവിതത്തിൽ ഒട്ടനേകം ഭക്തി ഗാനങ്ങൾക്കും സിനിമ ഗാനങ്ങൾക്കും ഈണം പകർന്ന കലാകാരനാണ് അദ്ദേഹം. ഇരു ശരീരങ്ങളും ഒരു ആത്മാവും എന്നത് പോലെ അദ്ദേഹത്തോടൊപ്പം സഹോദരനായ കെ ജി വിജയനും ഉണ്ടായിരുന്നു.
ഇരുവരും ഒരുമിച്ചാണ് പ്രശസ്തമായ നിരവധി ഗാനങ്ങൾ രചിച്ചതും ഈണമിട്ടതും പാടിയതും.ജയവിജയന്മാർ എന്നാണ് ഇരുവരും അറിയപ്പെട്ടതും. ചെമ്പയ് വൈദ്യ നാഥ ഭാഗവതരുടെ കീഴിൽ സംഗീതം അഭ്യസിച്ചിട്ടുള്ള ഇവർ ആണ് സാക്ഷാൽ യേശുദാസിനെ ചെമ്പയിക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. ശബരിമലയിൽ നട തുറക്കുമ്പോൾ വെയ്ക്കുന്ന ശ്രീകോവിൽ നട തുറന്നു എന്ന ഗാനം ഈ രണ്ട് അതുല്യ പ്രതിഭങ്ങളുടെ സൃഷ്ടിയാണ്.1988 ലാണ് കെ ജി വിജയൻ അന്തരിച്ചത്.
ഇതോടെ സംഗീതത്തിലും ജീവിതത്തിലും തന്റെ ജീവന്റെ പകുതിയായ ഇരട്ട സഹോദരൻ പിരിഞ്ഞു പോയ ദുഖത്തിൽ സംഗീതമേ ഉപേക്ഷിക്കുക എന്ന കടുത്ത തീരുമാനം പോലും എടുത്തു കെ ജി ജയൻ. പിന്നീട് യേശുദാസിന്റെ നിർബന്ധപ്രകാരമാണ് അദ്ദേഹം വീണ്ടും സംഗീത ലോകത്തേക്ക് കടന്ന് വന്നത്. 2019 ൽ പത്മശ്രീയും സാഹിത്യ നാടക അക്കാദമി അവാർഡും ഹരിവരാസനം അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഈയടുത്താണ്. മക്കളുടെയും മരുമക്കളുടെയും കൊച്ചു മക്കളുടെയും എല്ലാം ഒപ്പം ചേർന്ന് അദ്ദേഹം തന്റെ നവതി ആഘോഷിച്ചത്. ജന്മനാടായ കോട്ടയം കഞ്ഞിക്കുഴിയിൽ വെച്ചാണ് നവതി ആഘോഷ ചടങ്ങുകൾ അതി ഗംഭീരമായി നടത്തപ്പെട്ടത്. മനോജ് കെ ജയനെക്കൂടാതെ ബിജു കെ ജയൻ എന്ന ഒരു മകൻ കൂടി അദ്ദേഹത്തിനുണ്ട്. ഗുരുതുല്യനായ സംഗീതജ്ഞന്റെ വിയോഗത്തിൽ ദുഖം അറിയിച്ചു കൊണ്ട് നിരവധി ഗായകരാണ് സോഷ്യൽ മീഡിയയിൽ എത്തിയത്.