ജയിച്ചാൽ നേരെ പത്താം ക്ലാസ്സിൽ.. ഏഴാം ക്ലാസ്സ് തുല്യത പരീക്ഷ എഴുതി നടൻ ഇന്ദ്രൻസ്; താര ജാഡയില്ലാതെ പരീക്ഷ കേന്ദ്രത്തിൽ പ്രിയ താരം!! | Actor Indrans Wrote 7th Exam
Actor Indrans Wrote 7th Exam
Actor Indrans Wrote 7th Exam : രസകരമായ നർമ്മ നിമിഷങ്ങൾ സമ്മാനിച്ചു മലയാളികളെ ഏറെ ചിരിപ്പിക്കുകയും പിന്നീട് ഹൃദയം തൊടുന്ന സങ്കീർണ നിമിഷങ്ങൾ നിഷ്പ്രയാസം അഭിനയിച്ചു ഫലിപ്പിച്ചു അത്ഭുതപ്പെടുത്തുകയും ചെയ്ത മലയാളികളുടെ താരമാണ് ഇന്ദ്രൻസ്. നാലാം ക്ലാസ്സിൽ പഠനം ഉപേക്ഷിച്ച താരം ചെന്നെത്തിയത് ഒരു തയ്യൽക്കടയിൽ ജോലിക്കാരൻ ആയാണ്. തന്റെ ജോലിയിൽ കഴിവ് തെളിയിച്ച അദ്ദേഹം സിനിമയിൽ എത്തിപ്പെട്ടു നടനായിട്ടല്ല നല്ല അസ്സലൊരു തയ്യൽക്കാരനായിട്ട്. മലയാളത്തിലെ ഇന്നത്തെ എല്ലാ സൂപ്പർസ്റ്റാറുകളും ഇന്ദ്രൻസ് തൈച്ചിട്ടുള്ള വസ്ത്രങ്ങൾ ഇട്ടിട്ടുള്ളവർ ആണ്.
അവിചാരിതമായി തന്നെയാണ് സിനിമയിൽ മുഖം കാണിക്കാൻ ഉള്ള അവസരവും ഇന്ദ്രൻസിനു ലഭിച്ചത്. ഇന്ദ്രൻസിനെ സ്ക്രീനിൽ കാണുമ്പോൾ പോലും ആളുകൾ ചിരിക്കും അത് കൊണ്ട് തന്നെ ഗൗരവകരമായ സീനുകളിൽ തന്നെ സംവിധായകർ മാറ്റി നിർത്തുക പോലും ചെയ്തിട്ടുണ്ട് എന്ന് താരം പറഞ്ഞിരുന്നു. തുടക്കകാലത്ത് കോമഡി രംഗങ്ങളിൽ മാത്രം കണ്ട താരം ഇന്നിപ്പോൾ മലയാളികൾക്ക് ഒരു കോമഡി താരം മാത്രമല്ല. അളവറ്റ് ചിരിപ്പിച്ചത് പോലെ തന്നെ ആഴത്തിൽ കരയിക്കാനും തനിക്ക് കഴിയുമെന്ന് ഇന്ദ്രൻസ് എന്ന അഭിനേതാവ് തെളിയിച്ചു.
ഇപ്പോഴിതാ 68 ആം വയസ്സിൽ പണ്ടെങ്ങോ നിന്ന് പോയ തന്റെ പഠനം തുടരുക എന്ന തീരുമാനത്തിൽ എത്തിച്ചേർന്ന ഇന്ദ്രൻസ് ഏഴാം ക്ലാസ് തത്തുല്യ പരീക്ഷ എഴുതാൻ എത്തുന്ന കാഴ്ചകളാണ് ഇപ്പോൾ വൈറൽ ആകുന്നത്. ഈ പരീക്ഷയിൽ ജയിച്ചാൽ താരം നേരെ എത്തുന്നത് പത്താം ക്ളാസിലാണ്.
താരാജാഡ ലവലേശം ഇല്ലാതെ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ആ നിഷ്കളങ്കമായ ചിരിയോടെ തന്നെയാണ് പരീക്ഷ എഴുതാൻ ഇന്ദ്രൻസ് എത്തിയത്. അറ്റക്കുളങ്ങര ഗവണ്മെന്റ് സ്കൂളിൽ ആണ് പരീക്ഷ നടന്നത്. പരീക്ഷ എഴുതാൻ വന്ന മറ്റു വിദ്യാർത്ഥികൾക്കും ടീച്ചറിനും വീഡിയോ പകർത്താൻ എത്തിയ മാധ്യമങ്ങൾക്കും നിറചിരി സമ്മാനിച്ചാണ് താരം പരീക്ഷയെഴുതി തുടങ്ങിയതും.